തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടി; 42 പേര്‍ക്ക് പരിക്ക്
തൃശൂര്‍: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആനയുടെ വിരണ്ടോടലിനെത്തുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും 42ല്‍ അധികം പേര്‍ക്ക് പരിക്ക് സംഭവിച്ചു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ ഏകദേശം 15 മിനിറ്റോളം നിലത്ത് ഇറങ്ങാനാവാതെ കുടുങ്ങിക്കിടന്നതും ഭീതിയുണ്ടാക്കി. പാണ്ടിമഠം എംജി റോഡിലേക്ക് ആന ഓടിയതോടെ ആകെ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. തുടര്‍ന്ന് മന്ത്രി ജില്ലാ ആശുപത്രിയും സന്ദര്‍ശിച്ചു.